അധികം മനുഷ്യരില്ലാത്ത ഒരു ഉൾഗ്രാമം. അവിടെ മലമുകളിൽ ഒരെഴുത്തുകാരന്റെ ചെറിയ വീടുണ്ട്. അവധിക്കാലത്ത് മാത്രമേ അയാൾ വരൂ. അങ്ങനെ ഒരവധിക്കാലം ചെലവിട്ട് മടങ്ങുകയാണയാൾ.* താഴ്‌വരയിൽ പരിചയമുള്ളൊരു പാവം വൃദ്ധയുണ്ട്. അവരുടെ കുടിലിലെത്തി യാത്ര പറയുമ്പോൾ ആ അമ്മയുടെ മുഖം വാടി. അവർ പറഞ്ഞു: "ഓരോ രാത്രിയും നിങ്ങൾ ഉമ്മറത്ത് തൂക്കിവെച്ചിരുന്ന ആ വിളക്ക് എനിക്ക് വല്ലാത്തൊരാശ്വാസമായിരുന്നു. ഇവിടെനിന്ന് അത് കാണുമ്പോൾ ഞാനൊറ്റയ്ക്കല്ല എന്നൊരു തോന്നലുണ്ടായിരുന്നു. എനിക്കുവേണ്ടി ഒരു വെളിച്ചം കത്തുന്നപോലെ." വൃദ്ധയുടെ വാക്കുകൾ കേട്ട് അയാളുടെ കണ്ണുനിറഞ്ഞു. ആ അമ്മയ്ക്കുവേണ്ടി തന്റെ വീട്ടുപടിയിൽ എന്നും ഒരു വിളക്ക് തൂക്കാൻ ഒരാളെ ഏൽപ്പിച്ചാണ് അയാൾ യാത്ര പറഞ്ഞത്. ****************************** *പരസ്പരം പ്രകാശം പകരാനാവുമ്പോഴാണ് ജീവിതം സാർഥമാകുന്നത്. നമ്മുടെ ജീവിതചുറ്റുപ്പാടുകൾ മറ്റുള്ളവർക്കും ഇഷ്ടപ്പെടുന്നതാകണം. നമ്മുടെ നടപ്പ്, ഇരിപ്പ്, പെരുമാറ്റരീതികൾ മറ്റുള്ളവർക്ക് ആശ്വാസമാകണം.* നമ്മുടെ ജീവിതരീതികൾ മറ്റൊരാൾക്ക് ഉപകാരമായില്ലെങ്കിലും ഒരിക്കലും ഉപദ്രവമാകരുതെന്ന് ഈ കഥ അടിവരയിട്ട് പറയുന്നുണ്ട്. ഒപ്പമുണ്ടെന്ന് തോന്നിക്കാൻ ഇങ്ങനെ ഒരു വെളിച്ചമെങ്കിലും ഏതൊരു മനുഷ്യനും കൊതിക്കുന്നു. അങ്ങനെ കൊതിക്കുന്ന എത്രയോ പേർ ചുറ്റും ജീവിക്കുന്നു.